Friday, November 11, 2011

വിത്തിനുള്ളില്‍

പൂവിലൊരു സൂര്യന്‍
ഇലത്തുമ്പില്‍ ഒരു മഴക്കാലം ..
മണ്ണ് പുതച്ചുറങ്ങുന്ന വേരുകള്‍ക്കിടയില്‍ ഒരു മഞ്ഞു കാലം

Sunday, November 6, 2011

മേല്‍ക്കൂര

നമുക്കിടയില്‍ ശ്വാസം മുട്ടിയ അതേ മഴയായിരുന്നു
നമ്മളെ ചേര്‍ത്ത് കെട്ടിപിടിച്ചതും..
കണ്ണ് തുറക്കുമ്പോഴേക്കും ഞാന്‍ തനിച്ചാവും
മഴയിന്‍ ഞാന്‍ മാത്രം നനഞ്ഞിരിക്കും,
നമ്മളറിയാതെ ആരോ പണിതതാണ് കറുത്ത ചായമടിച്ച ഈ മേല്‍ക്കൂര ..

പൂച്ചക്കാര്യം

അര്‍ദ്ധ രാത്രി..

ഞാനും അമ്മാമനും കൂടി വീട്ടിലെ പൂച്ചയെ ചാക്കില്‍ കെട്ടി ടൌണിലെ മീന്‍ മാര്‍ക്കറ്റിനു പിന്നില്‍ വിട്ടു..

പിറ്റേന്ന് മീന്‍ വാങ്ങാന്‍ പോയ മുത്തശ്ശിയുടെ കൂടെ പൂച്ച തിരിച്ചെത്തി..

തിരിച്ചെത്തി മൂന്നാം ദിവസം മുത്തശ്ശിയുടെ പിന്നിലോളിച്ച ചിന്നുവിനെ അമ്മാമന്‍ കണ്ടെത്തുകയും ചെയ്തു .

ഗ്ര്ര്ര്‍ ... ഇത് പിന്നേം വന്നോ.. .അമ്മാമന്‍ ഗര്‍ജിച്ചു ..

എവിടെ പോയാലും സ്വര്യം തരൂല.. നാശം...അശ്രീകരം... എന്നൊക്കെ പറഞ്ഞ് മുത്തശ്ശി കാലു ചുഴറ്റിയൊരു അടി..

ചിന്നു തെറിച്ച് ഉരുണ്ടുരുണ്ട് വീഴുന്നതായി അഭിനയിച്ചു... മാവിലേക്ക് ഓടിക്കയറി ദയനീയമായി കരഞ്ഞു..

മുത്തശ്ശി വിട്ടില്ല ...മണല് വാരി ചിന്നുവിനെ ലക്ഷമാക്കി എറിഞ്ഞു....

പിന്നെ ഇടം കണ്ണിട്ട് അമ്മാമനെ നോക്കി..

അമ്മാമന് ചിരി അടക്കാന്‍ കഴിഞ്ഞില്ല..

"നിങ്ങക്ക് പ്രാന്തിണ്ട..? ആഫ്രിക്കേല്‍ കൊണ്ട് വിട്ടാലും അമ്മ അതിനെ പിടിച്ചോണ്ട് വരും .. "അമ്മാമനെ നോക്കി അമ്മായിയുടെ കമെന്റ് ..