Friday, November 11, 2011

വിത്തിനുള്ളില്‍

പൂവിലൊരു സൂര്യന്‍
ഇലത്തുമ്പില്‍ ഒരു മഴക്കാലം ..
മണ്ണ് പുതച്ചുറങ്ങുന്ന വേരുകള്‍ക്കിടയില്‍ ഒരു മഞ്ഞു കാലം

Sunday, November 6, 2011

മേല്‍ക്കൂര

നമുക്കിടയില്‍ ശ്വാസം മുട്ടിയ അതേ മഴയായിരുന്നു
നമ്മളെ ചേര്‍ത്ത് കെട്ടിപിടിച്ചതും..
കണ്ണ് തുറക്കുമ്പോഴേക്കും ഞാന്‍ തനിച്ചാവും
മഴയിന്‍ ഞാന്‍ മാത്രം നനഞ്ഞിരിക്കും,
നമ്മളറിയാതെ ആരോ പണിതതാണ് കറുത്ത ചായമടിച്ച ഈ മേല്‍ക്കൂര ..

പൂച്ചക്കാര്യം

അര്‍ദ്ധ രാത്രി..

ഞാനും അമ്മാമനും കൂടി വീട്ടിലെ പൂച്ചയെ ചാക്കില്‍ കെട്ടി ടൌണിലെ മീന്‍ മാര്‍ക്കറ്റിനു പിന്നില്‍ വിട്ടു..

പിറ്റേന്ന് മീന്‍ വാങ്ങാന്‍ പോയ മുത്തശ്ശിയുടെ കൂടെ പൂച്ച തിരിച്ചെത്തി..

തിരിച്ചെത്തി മൂന്നാം ദിവസം മുത്തശ്ശിയുടെ പിന്നിലോളിച്ച ചിന്നുവിനെ അമ്മാമന്‍ കണ്ടെത്തുകയും ചെയ്തു .

ഗ്ര്ര്ര്‍ ... ഇത് പിന്നേം വന്നോ.. .അമ്മാമന്‍ ഗര്‍ജിച്ചു ..

എവിടെ പോയാലും സ്വര്യം തരൂല.. നാശം...അശ്രീകരം... എന്നൊക്കെ പറഞ്ഞ് മുത്തശ്ശി കാലു ചുഴറ്റിയൊരു അടി..

ചിന്നു തെറിച്ച് ഉരുണ്ടുരുണ്ട് വീഴുന്നതായി അഭിനയിച്ചു... മാവിലേക്ക് ഓടിക്കയറി ദയനീയമായി കരഞ്ഞു..

മുത്തശ്ശി വിട്ടില്ല ...മണല് വാരി ചിന്നുവിനെ ലക്ഷമാക്കി എറിഞ്ഞു....

പിന്നെ ഇടം കണ്ണിട്ട് അമ്മാമനെ നോക്കി..

അമ്മാമന് ചിരി അടക്കാന്‍ കഴിഞ്ഞില്ല..

"നിങ്ങക്ക് പ്രാന്തിണ്ട..? ആഫ്രിക്കേല്‍ കൊണ്ട് വിട്ടാലും അമ്മ അതിനെ പിടിച്ചോണ്ട് വരും .. "അമ്മാമനെ നോക്കി അമ്മായിയുടെ കമെന്റ് ..

Thursday, October 13, 2011

e പ്രണയം

നോട്ടം കൊണ്ട് നീയും, വാക്കുകള്‍ കൊണ്ട് ഞാനും
ഒളിഞ്ഞിരുന്ന്, പരസ്പരം കബളിപ്പിച്ചു..
നമുക്കിടയിലെ നീല പുഴ , സൂത്രശാലി
വാക്ക് കൊണ്ട് ഞാന്‍ നിന്‍റെ കണ്ണില്‍ തൊടും മുമ്പേ ..
ഒറ്റ ക്ലിക്കില്‍ ഹോമിലേക്ക് പോകാനൊരു പഴുത്തു തീര്‍ത്തിരുന്നു ..

Thursday, October 6, 2011

ഉന്മാദം

ഇതാണ് പുഴ
ഇതാണ് പൂവ്
എന്നെനിക്ക് പലതവണ പറയേണ്ടി വന്നിട്ടുണ്ട് ,
ഒടുവില്‍,
പുഴയില്‍ ചാടി പൂവ് ആത്മഹത്യ ചെയ്തപ്പോള്‍
കാറ്റ് ചൂണ്ടി കാണിച്ചതായിരുന്നു വഴി..

Wednesday, October 5, 2011

യാത്ര

ഉപ്പൂറ്റിയില്‍ തുടങ്ങി

കാല്‍ മുട്ടിലൂടെ .. ഒരു യാത്ര..

ആമാശയത്തിലെ തീയില്‍ കെട്ടു പോയില്ലെങ്കില്‍..

തൊണ്ടയില്‍ കുരുങ്ങിയ വാക്കുകളത്രയും തലയിലേറ്റി

ഒരിക്കലും കലങ്ങാനിടയില്ലാത്ത കണ്ണിലൂടെ തിരിച്ചു വരാന്‍ ...

Sunday, October 2, 2011

വീട്ടുകാര്യം

" നീ എവിടെയാണ് നിന്‍റെ പുഞ്ചിരിയെ ഒളിപ്പിക്കുന്നത്.. "
കാറ്റ് ഇടിമിന്നലിനോട്‌ ചോദിച്ചു..
കാറ്റിന്‍റെ മുഖത്തെ പുച്ഛം കണ്ട് ഇടിമിന്നല്‍ പൊട്ടിത്തെറിച്ചു ...
പേടിച്ച് കാറ്റ് പതുങ്ങിയ ഇടത്തെല്ലാം ഇടിമിന്നലിന്‍റെ വെള്ള കൂണ്‍ പല്ലുകള്‍ മുളച്ചു...
പച്ച കിട്ടാതെ കണ്ണീരോലിപ്പിച്ച്‌ വന്ന അമ്മമേഘത്തോട് മുഖം വീര്‍പ്പിച്ച് പോക്രാച്ചി തവളയുടെ പ്രധിഷേധം..
ഏട്ടന്‍ മേഘത്തിന്‍റെ കാലില്‍ പറ്റിചേര്‍ന്ന പോക്രാച്ചിയുടെ മുഖം കണ്ടപ്പോ കാറ്റിനു ചിരി വന്നു, പിന്നെ നുണ പറയാന്‍ അക്കരേക്ക് ഓടി പോയി .....

Tuesday, July 26, 2011

പാഠം ഒന്ന് : ഹരണം

കൂട്ടുകാരി..
നീ X
ഞാന്‍ Y
നമ്മള്‍ക്കിടയിലുള്ള പ്രൊപ്പോഷണാലിറ്റി കൊന്‍സ്ടന്റ്റ് ആണ് ഇന്‍ഫിനിറ്റി..
ഇനി പറ,
ഏതു വാക്ക് കൊണ്ടാണ് നമ്മള്‍ക്കിടയിലെ ഇന്‍ഫിനിറ്റിയെ നിശ്ശേഷം ഹരിക്കാന്‍ കഴിയുക..?

Thursday, July 14, 2011

ചാവേറിന്‍റെ പ്രാവ്

ഇല്ല..
ഒരു വരിയും..
ഒരു വാക്ക് പോലും ...
കത്തിച്ചു കളയാന്‍ മാത്രം
ചൂടുണ്ടായിരുന്നുവോ നിന്റെ സ്വപ്നങ്ങള്‍ക്ക് ..?

Monday, June 20, 2011

മുറിവ്

എത്ര ആഴത്തിലായിരുന്നു നമുക്കിടയിലെ പ്രണയം,
അത്രയും ആഴത്തിലൊരു കുഴി കുഴിക്കുകയാണ് ഞാനിപ്പോള്‍,
നിന്റെ വാക്കുകളിലെ പഞ്ചാര ആയിരിക്കാം
എന്റെ ഇന്നത്തെ ഉണങ്ങാത്ത മുറിവുകള്‍ക്ക് കാരണം...

Sunday, May 29, 2011

നക്ഷത്രബംഗ്ലാവ്

വഴിതെറ്റിയൊരു കുഞ്ഞുനക്ഷത്രത്തെ കരിമേഘം തന്‍റെ മുലകളില്‍ ചേര്‍ത്ത് വച്ചു
മേഘം മഴയായ്‌ പെയ്തപ്പോള്‍, പണ്ടൊരു പുഴ ഒഴുകിയ മണല്‍ പരപ്പിലേക്ക്
നക്ഷത്രം തെറിച്ച്‌ വീണു..
വീട് വെക്കാന്‍ കുഴിച്ച മണ്ണില്‍ നിന്ന് ഒരു കുഞ്ഞുനക്ഷത്രത്തിന്‍റെ തലയോട്ടി കിട്ടിയതുകൊണ്ട്
ഞാനെന്‍റെ വീടിനു പേരിട്ടു 'നക്ഷത്രബംഗ്ലാവ് '

Wednesday, May 25, 2011

വീട്

വീടിനു മഴയുടെ പേരിട്ടത് അമ്മയായിരുന്നു
അച്ഛനതുവിറ്റു കള്ളു കുടിച്ചു ..

വീടിനെ കുറിച്ച് ചോദിച്ചാല്‍ കാട്ടിത്തരാന്‍ ,
അച്ഛന്‍ ഗ്ലാസിലും അമ്മ കണ്ണിലും
മഴയെ ശേകരിച്ചു വെച്ചിരുന്നു ..

Friday, February 4, 2011

പ്രവാസിയും പശുവും

കെട്ടിയിട്ട് പ്രവാസത്തിന് പോയവന്‍,
പോകും മുമ്പ്
അവള്‍ക്കൊരു പശുവിനെ
വാങ്ങി കൊടുത്തിരുന്നു..

കഴുത്തിലെ കയറില്‍
വേദനകളെ ഉണക്കാനിട്ട്
അയവിറക്കാനിരിക്കുമ്പോള്‍
പശുവിനും
പ്രവാസിക്കും
ഒരേ മുഖമാണത്രേ..

Sunday, January 30, 2011

പ്രധിരോധം

മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച ,
കൈയും കാലും മുഖവും ചൊരിഞ്ഞു പൊട്ടിയ ,
വിയര്‍പ്പ് നാറ്റം കൊണ്ട് ശ്വാസം മുട്ടിക്കുന്ന,
ഐ മീന്‍ ..
കുളിച്ചിട്ട് മാസങ്ങളായ
ഏതെങ്കിലും ഒരു സ്ത്രീയെ / പെണ്‍കുട്ടിയെ
നിങ്ങള്‍ പീഡിപ്പിച്ചിട്ടുണ്ടോ
ഇല്ല അല്ലെ ..?
അതാണ് പറഞ്ഞത്
കുളിക്കാതിരിക്കുകയും
ഒരു പ്രധിരോധ മാര്‍ഗമാണ് ..

Wednesday, January 26, 2011

അച്ഛന്‍

അമ്മ ചൂണ്ടിക്കാണിച്ച
ദൈവം.
ചെയ്യുന്ന പ്രവൃത്തിയെ
ജോലിയെന്നും,
ജയിലിന്‌ വീടെന്നും
പേരിട്ടവന്‍.
അമ്മയുടെ പേരിലെ
വാലറ്റം.